പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ നിന്നും മുസ്‌ലിം ലീഗ് വിരുദ്ധരെ വെട്ടി
പാലക്കാട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ നിന്നും മുസ്‌ലിം ലീഗ് വിരുദ്ധരെ വെട്ടി. സമ്മേളനങ്ങളിലെ സ്ഥിരം പ്രഭാഷകരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ സമസ്തയിലെ ലീഗ് അനുകൂല-വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്ന സാഹചര്യമാണുള്ളത്. വാർഷിക സമ്മേളനത്തിൽ നിന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധരെ വെട്ടിയിരിക്കുന്നത്.
പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനങ്ങളിലെ സ്ഥിരം പ്രഭാഷകരായ ഉമർ ഫൈസി മുക്കം, അബ്ദുസ്സലാം ബാഖവി, ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ ഉൾപ്പെടെയുള്ളവരെയാണ് തഴഞ്ഞിരിക്കുന്നത്. ലീഗ് അനുകൂലികൾ സമസ്തയിൽ പിടിമുറക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷവും പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ നിന്നും ഒരു വിഭാഗം നേതാക്കളെ തഴഞ്ഞത് വലിയ വിവാദമായിരുന്നു. സമസ്ത നേരിട്ട് നടത്തുന്ന സ്ഥാപനമാണ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ കോളേജ്.
സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല-പ്രതികൂല വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ നേരത്തെ മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് വിവാദമായിരുന്നു. ഉമർഫൈസി മുക്കം മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന് സമസ്ത നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഈ പരാതി മുശവറ യോഗം ചർച്ച ചെയ്യുന്നതിന് മുന്നോടിയായി ഉമർ ഫൈസി മുക്കത്തിനോട് യോഗത്തിൽ നിന്നും പുറത്തു നിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഉമർഫൈസി മുക്കം നടത്തിയ പരമാർശമാണ് ജിഫ്രി തങ്ങളുടെ ഇറങ്ങിപ്പോക്കിന് കാരണമായതെന്ന് യോഗത്തിൽ പങ്കെടുത്ത സമസ്ത അംഗം ബഹാഉദ്ധീൻ നദ്‌വി റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.
‘ഉമർഫൈസിയെക്കുറിച്ചുള്ള വിഷയമാണ് ചർച്ച ചെയ്യുന്നതെന്നും മാറിയിരിക്കണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ മാറിയിരിക്കില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് ഉമർഫൈസി മറുപടി പറഞ്ഞത്. പ്രസിഡന്റ് പറഞ്ഞ സ്ഥിതിക്ക് നിങ്ങൾ മാറിയിരിക്കണമെന്ന് വിഷയത്തിൽ ഇടപെട്ടുകൊണ്ട് ഞാൻ സൂചിപ്പിച്ചു. പ്രസിഡന്റിനെ പിന്തുണക്കുകയാണ് ചെയ്തത്. കള്ളന്മാർ പറയുന്നത് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഉമർ ഫൈസി പറഞ്ഞു. നിങ്ങളുടേത് എന്തെങ്കിലും ഞാൻ കട്ടെടുത്തോയെന്ന് നദ്‌വി ചോദിച്ചു. അങ്ങനെയല്ല, കള്ളം പറയുന്നവരും കള്ളന്മാരാണെന്ന് ഉമർഫൈസി പറഞ്ഞു. അതിനിടെ ‘ ഈ ഇരിക്കുന്നവർ കള്ളന്മാരാണെന്ന് പറഞ്ഞാൽ ഞാനും അതിൽപ്പെടുന്നതല്ലേ. ഞാൻ ഇവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ജിഫ്രി തങ്ങൾ ഇറങ്ങി പോവുകയായിരുന്നു’, എന്നായിരുന്നു ബഹാഉദ്ധീൻ നദ്‌വി റിപ്പോർട്ടറിനോട് പറഞ്ഞത്. സമസ്തയുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ സംഭവം. പ്രസിഡന്റിനെ എല്ലാവരും അനുസരിക്കുന്നതാണ് രീതിയെന്നും ബഹാഉദ്ധീൻ കൂട്ടിച്ചേർത്തിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)