പത്തനംതിട്ട പീഡനക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്: 28 പേർ അറസ്റ്റില്‍

MTV News 0
Share:
MTV News Kerala

പത്തനംതിട്ട പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നും പൊലീസ് അറിയിച്ചു. 2024 ജനുവരിയിൽ ആണ് സംഭവം. ഇന്ന് അറസ്റ്റിൽ ആയ നാല് പ്രതികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു. പ്ലസ് ടൂ കാലത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച്, കാറിൽ കൂട്ടികൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിനത്തിനിരയാക്കിയത്. പത്തനംതിട്ട സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്.

കൂടുതൽ കേസും അറസ്റ്റും സംഭവത്തിലുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പത്തനംതിട്ടയിൽ ദളിത് പെണ്‍കുട്ടിയെ 16 വയസ് മുതല്‍ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ 28 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 62 ഓളം ആളുകൾ പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കിയതാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

പോക്സോ കേസിന്റെ അന്വേഷണത്തിനായി ഡിഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ 25 ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അതിജീവിതയ്ക്കു താത്കാലിക നഷ്ടപരിഹാരം നൽകണമെന്നും പോലീസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണ ക്ലാസില്‍ അതിജീവിത പങ്കെടുത്തതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നത്. അതിജീവിത തന്നെയാണ് കൗണ്‍സിലറോട് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുടുംബശ്രീയുടെ പന്തളത്തെ, സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിലേക്ക് കേസ് കൈമാറുകയും കുട്ടിയെ കൗണ്‍സിലിങ്ങിന് ഹാജരാക്കുകയുമായിരുന്നു