
പിന്നോട്ട് നോക്കിയില്ല!: തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്തില്ല; ബിജെപിയുടെ ലക്ഷ്യം 60 നിയമസഭാ മണ്ഡലങ്ങൾ
എറണാകുളം: ബിജെപിയിൽ പൊട്ടിത്തെറിക്ക് കാരണമായ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യാതെ ബിജെപി കോർ കമ്മിറ്റി. തോൽവിയുടെ വിഴുപ്പലക്കൽ ഉയരാത്ത യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ കാര്യങ്ങൾ മാത്രം.
ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് കോർ കമ്മിറ്റി ചർച്ച ചെയ്തത്. അടുത്ത വർഷം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ 250 ഇടത്ത് ഭരണം പിടിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകളിൽ ഭരണം പിടിക്കുക എന്നതും മുഖ്യപദ്ധതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ 60 മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് പ്രവർത്തിക്കാനാണ് തീരുമാനം. കോർ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാവരും മത്സര രംഗത്തുണ്ടാകും. ഇതിലൂടെ വിജയസാധ്യത വർധിപ്പിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പാർട്ടിയുടെ സംഘടനാ സംവിധാനവും അടിമുടി മാറുകയാണ്. കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ജില്ലകൾ വിഭജിച്ച്, കൂടുതൽ നേതാക്കൾക്ക് അധികാരം നൽകാനാണ് ബിജെപി നീക്കം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളെ മൂന്നായി വിഭജിച്ച്, ഈ മൂന്ന് ജില്ലകളിലും മൂന്ന് പ്രസിഡൻ്റുമാരെ നിയമിക്കാനാണ് ബിജെപിയുടെ പദ്ധതി. മറ്റ് ജില്ലകളിലും ഇത്തരത്തിൽ കൂടുതൽ നേതാക്കൾക്ക് ചാർജ് നൽകി, പാർട്ടിയെ ശക്തിപ്പെടുത്താൻ പദ്ധതിയുണ്ട്. പാർട്ടിയിൽ കൂടുതൽ പേർ ഭാരവാഹികളാകും. ഈ മാസം 7, 8 തിയതികളിൽ ചേരാനിരുന്ന സംസ്ഥാന കമ്മിറ്റി പ്രകാശ് ജാവദേക്കറിൻ്റെ നിർദ്ദേശാനുസരണം മാറ്റിവെച്ചിട്ടുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)