ന്യൂഡൽഹി: പി വി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ച കാര്യം വ്യക്തമാക്കി അഭിഷേക് ബാനർജി എക്സിൽ പോസ്റ്റ് പങ്കുവെച്ചു.
തൃണമൂൽ കോൺഗ്രസിന്റെ കൊൽക്കത്തയിലെ ഓഫീസിൽ വെച്ച് അഭിഷേക് ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിലേക്കുള്ള വഴി തെളിഞ്ഞത്. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ സംസ്ഥാന കോ-ഓർഡിനേറ്റർ സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്ന് പി വി അൻവർ റിപ്പോർട്ടറിനോട് പറഞ്ഞു. ജനക്ഷേമത്തിനായി ടിഎംസിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ യുഡിഎഫ് പ്രവേശന അഭ്യൂഹം സജീവമാക്കി പി വി അൻവർ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നിൽക്കുമെന്ന് മുസ്‍ലിം ലീഗും അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളെ കാണാൻ ലക്ഷ്യമിട്ട് അൻവർ തിരുവനന്തപുരത്തെത്തിയെങ്കിലും സമയം അനുവദിച്ച് കിട്ടിയിരുന്നില്ല. ഇതോടെയാണ് അൻവർ തൃണമൂൽ പാളയത്തിലെത്തിയത്.
© Copyright - MTV News Kerala 2021
View Comments (0)