പെരുമണ്ണ ടൗണിലെ ജെൻഡ്‌സ് റെഡിമെയ്‌ഡ് തുണിക്കട: ഉടമ അറസ്റ്റിൽ; ബെംഗളൂരുവിൽ നിന്ന് എത്തിച്ച് വിറ്റത് എംഡിഎംഎ

MTV News 0
Share:
MTV News Kerala

കോഴിക്കോട്: പെരുമണ്ണ ടൗണിലെ ജെന്‍റ്സ് റെഡിമെയ്ഡ് ഷോപ്പില്‍ നിന്ന് രാസലഹരിയായ എം.‍ഡി.എം.എ പിടികൂടി. സവാദ് (29) എന്നയാളുടെ കടയില്‍ നിന്നാണ് രാസ ലഹരി പിടികൂടിയത്. പൊലീസ് സവാദിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ രാസലഹരി എത്തിക്കുന്നതെന്നാണ് വിവരം. റെഡിമെയ്ഡ് ഷോപ്പ് കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. പിടികൂടിയ എം.ഡി.എം.എയുടെ തൂക്കം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിൻ്റെ ഭാഗമായി 2854 പേരെ അറസ്റ്റ് ചെയ്തുവെന്നും 1.312 കി.ഗ്രാം എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തുവെന്നും സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 2,762 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്നു വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.