ഫ്രിഡ്ജില്‍ യുവതിയുടെ മൃതദേഹം; ആറ് മാസം പഴക്കമെന്ന് പൊലീസ്; കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ
ഭോപ്പാൽ-: മധ്യപ്രദേശിൽ യുവതിയെ കൊലപ്പെടുത്തി 6 മാസത്തിലധികമായി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതി പിടിയിൽ. 44 കാരനായ സഞ്ജയ് പാട്ടീദാർ ആണ് അറസ്റ്റിലായത്. അഞ്ച് വർഷമായി കൂടെ താമസിച്ചിരുന്ന പങ്കാളി പ്രതിഭ പ്രജാപതി(30)യെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ഇൻഡോറിലെ വാടക വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വാടക വീട്ടിലെ പുതിയ അന്തേവാസി ബൽബീർ രജ്പുത്ത് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
സാരിയും ആഭരണങ്ങളും ധരിച്ച്, കഴുത്തിൽ കുരുക്കിട്ട് കൈകൾ ബന്ധിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സഞ്ജയ് പാട്ടീൽ വിവാഹിതനാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഇൻഡോറിലെ വാടകവീട്ടിൽ പ്രതിഭക്കൊപ്പം താമസിച്ചുവരികയായിരുന്നു. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതോടെ പ്രതിഭയെ ഇയാൾ കൊലപ്പെടുത്തിയെന്നാണ്പൊലീസിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ, സുഹൃത്തായ വിനോദ് ദവെയുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതിഭയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഇയാൾ വാടക വീട്ടിൽ നിന്ന് താമസം മാറ്റി. ഫ്രിഡ്ജ് വെച്ചിരുന്ന മുറി ഉൾപ്പെടെ ഇയാൾ കൈമാറിയിരുന്നില്ല. ചില സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതിനാൽ കുറച്ചു നാളുകൾക്ക് ശേഷം മുറി വിട്ട് നൽകാം എന്നായിരുന്നു ഇയാൾ വീട്ടുടമയോട് പറഞ്ഞത്. ഇതിന് ശേഷം ബൽബീർ രജ്പുത്ത് ഇവിടെ താമസത്തിനെത്തി. ദുർഗന്ധം വമിച്ചതോടെ മുറി തുറന്ന്പരിശോധിക്കണമെന്ന് ഇയാൾ വീട്ടുടമയോട് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു
© Copyright - MTV News Kerala 2021
View Comments (0)