ബഹിരാകാശത്ത് ഇന്ത്യയുടെ ‘നടക്കും യന്ത്രക്കൈ’: ചരിത്ര നേട്ടം സ്വന്തമാക്കി ഐഎസ്ആർഒ, വീഡിയോ പുറത്തുവിട്ടു
കാമുകിയെ കാണിക്കാൻ ക്യാമറയുമായി സിംഹക്കൂട്ടിൽ കയറിയ മൃഗശാല സൂക്ഷിപ്പുകാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിന് ഇരയായ വ്യക്തി ഉസ്ബെക്കിസ്ഥാനിലെ പാർക്കൻ്റിലെ ഒരു സ്വകാര്യ മൃഗശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനാണ്. കാമുകിയുടെ മുൻപിൽ ആളാകാനാണ് ഇയാൾ ക്യാമറയുമായി സിംഹക്കൂട്ടിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 44 -കാരനായ എഫ് ഐറിസ്കുലോവ് ആണ് കൊല്ലപ്പെട്ടത്. രാത്രി ഷിഫ്റ്റിലെ ജോലിക്കിടയിൽ പുലർച്ചെ അഞ്ചുമണിക്കാണ് ഇയാൾ സിംഹത്തിന്റെ കൂട്ടിൽ കയറിയത്. ഇയാൾ കൈയിൽ കരുതിയിരുന്ന ക്യാമറയിൽ കൂടിൻ്റെ പൂട്ട് തുറന്ന് ഐറിസ്കുലോവ് സിംഹങ്ങളുടെ അടുത്തേക്ക് പോകുന്നത് കാണാം. മൂന്നു സിംഹങ്ങൾ ആയിരുന്നു കൂട്ടിൽ ഉണ്ടായിരുന്നത്. ആദ്യം അവ ഇയാളെ ആക്രമിക്കുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ലെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ആക്രമിക്കുന്നതിനു മുൻപ് സിംഹങ്ങളിൽ ഒന്നിനെ സിംബ എന്ന് ഇയാൾ വിളിക്കുന്നത് കേൾക്കാം.
സിംഹങ്ങളാൽ ചുറ്റപ്പെട്ടിട്ടും, ഐറിസ്‌കുലോവ് വലിയ ആത്മവിശ്വാസത്തോടെയാണ് ആ രംഗങ്ങൾ ക്യാമറയിൽ പകർത്തി കൊണ്ടിരുന്നത്. തുടർന്ന് മൃഗങ്ങളിലൊന്ന് ഇയാളെ ആക്രമിക്കുമ്പോൾ ഇയാൾ ഉച്ചത്തിൽ നിലവിളിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
മൃഗശാല അധികൃതർ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന പ്രകാരം സിംഹങ്ങൾ ഇയാളെ കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തു. ഭയാനകമായ ആക്രമണത്തെ തുടർന്ന് മൃഗങ്ങളിൽ ഒന്നിനെ രക്ഷാപ്രവർത്തകർ വെടിവെച്ച് കൊലപ്പെടുത്തുകയും ബാക്കി രണ്ടെണ്ണം ശാന്തമാവുകയും ചെയ്തു എന്നുമാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. തുടർന്ന് അവശേഷിച്ച രണ്ടു സിംഹങ്ങളെ മറ്റൊരു പ്രത്യേക കൂട്ടിലേക്ക് മാറ്റിയതായും മൃഗശാല അധികൃതർ അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)