
മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് രാജ്യം; ജൻപഥിലെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൻപഥിലെ മൂന്നാം നമ്പർ വസിതിയിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. നരേന്ദ്ര മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ എന്നിവരും വസതിയിലെത്തി മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലി അർപ്പിച്ചു.
മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെയാണ് നടക്കുക. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. നാളെ 8.30 ന് ആയിരിക്കും പൊതുദർശനത്തിന് വെയ്ക്കുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. രാജ്ഘട്ടിന് അടുത്തായിരിക്കും അന്ത്യ വിശ്രമം ഒരുക്കുക എന്ന് റിപ്പോർട്ടുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.
© Copyright - MTV News Kerala 2021
View Comments (0)