കൊച്ചി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി കേരളത്തിലേക്ക്. മാര്‍ച്ച് മാസം അവസാന വാരത്തിലായിരിക്കും മമതാ ബാനര്‍ജി കേരളത്തിലെത്തുക. കഴിഞ്ഞ ദിവസം പി വി അന്‍വര്‍ മമതാ ബാനര്‍ജിയുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് മമത കേരള സന്ദര്‍ശനം സംബന്ധിച്ച സൂചന നല്‍കിയത്.
മമതയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തൃണമൂലിലെ മറ്റ് നേതാക്കള്‍ കേരളത്തിലെത്തുന്നുണ്ട്. മെഹുവ മൊയിത്ര, യൂസുഫ് പത്താന്, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരായിരിക്കും കേരളത്തിലെത്തുക. അന്‍വര്‍ നാളെ തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയടക്കം നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടെന്നാണ് വിവരം. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്.
എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നിര്‍ണ്ണായക പ്രഖ്യാപനം ആകും അന്‍വര്‍ നാളെ നടത്തുകയെന്നാണ് വിവരം. എംഎല്‍എ സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീക്കം കൂടി അന്‍വര്‍ മുന്നില്‍ കാണുന്നുണ്ട്. രാജിവെക്കാന്‍ മമത അന്‍വറിനോട് നിര്‍ദേശിച്ചെന്നാണ് വിവരം. നാല് മാസത്തിനുള്ള ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിനും അന്‍വറിന് സാധ്യത തെളിയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കൈകോര്‍ക്കല്‍.
© Copyright - MTV News Kerala 2021
View Comments (0)