മലപ്പുറത്ത് പിവിസി പൈപ്പില്‍ ഒളിപ്പിച്ച് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ വടിവാളുകള്‍ കണ്ടെത്തി

MTV News 0
Share:
MTV News Kerala

മലപ്പുറം: മമ്പാട് കാട്ടുപൊയിലില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ വടിവാളുകള്‍ കണ്ടെത്തി. പിവിസി പൈപ്പില്‍ സൂക്ഷിച്ച നിലയില്‍ അഞ്ച് വടിവാളുകളാണ് കണ്ടെത്തിയത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു വടിവാളുകള്‍. കുട്ടികള്‍ കളിക്കാന്‍ സ്ഥലം ഒരുക്കുന്നതിനായി തൂമ്പ ഉപയോഗിച്ച് കിളച്ചപ്പോള്‍ പിവിസി പൈപ്പില്‍ തട്ടുകയായിരുന്നു. ഇത് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് വടിവാളുകള്‍ കണ്ടത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി വടിവാളുകള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുരുമ്പിച്ച നിലയിലായിരുന്നു വടിവാളുകളെന്ന് പൊലീസ് പറഞ്ഞു. ഇവയ്ക്ക് നാല് വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചിലതിന് 58 സെന്റീമീറ്റര്‍ വരെ നീളമുണ്ടായിരുന്നു. സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.