മാങ്കാവ്‌–മേത്തോട്ട്‌ താഴം റോഡ് യാഥാർഥ്യത്തിലേക്ക്; ഭൂമിയുടെ രേഖ കൈമാറൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

MTV News 0
Share:

കോഴിക്കോട്: മാങ്കാവ് – മേത്തോട്ട് താഴം റോഡിനായി കോഴിക്കോട് കോർപ്പറേഷൻ 9.12 ഏക്കർ സ്‌ഥലം 31 കോടി നൽകി ഏറ്റെടുത്തു. ഭൂമിയുടെ രേഖ മന്ത്രി പി എ മുഹമ്മദ് റിയാസ് കൈമാറി. കോഴിക്കോട് നഗരത്തിലെ പ്രധാന ബൈപാസുകളെ ബന്ധിപ്പിക്കുന്നതാണ് മാങ്കാവ്‌–മേത്തോട്ട്‌ താഴം റോഡ്.

മാങ്കാവ് ശ്‌മശാനം മുതൽ മേത്തോട്ട് താഴം വരെ രണ്ട് കിലോമീറ്റർ നീളത്തിൽ 18 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമ്മിക്കുന്നതിനായാണ് ഭൂമി ഏറ്റെടുക്കൽ. കോഴിക്കോട് കോർപ്പറേഷൻ 9.12 ഏക്കർ സ്‌ഥലം 31 കോടി നൽകി വാങ്ങിയ ഭൂമിയുടെ രേഖ റവന്യൂവകുപ്പിൽ നിന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. സ്ഥലം വിട്ടുനൽകിയ ഉടമസ്ഥരെ മന്ത്രി അനുമോദിച്ചു. കോഴിക്കോട് നഗരത്തിലെ പ്രധാന ബൈപാസുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ്‌ നിലവിൽ വരുന്നതോടെ നാടിൻ്റെ വികസനത്തിനൊപ്പം ഗതാഗതക്കുരുക്കിനും ആശ്വാസമാകും.

കൊമ്മേരി ബസാറിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.