മാവൂരിൽ 1500 കോടി മുതൽ മുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാൻ തീരുമാനം

MTV News 0
Share:
MTV News Kerala

മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിൻ്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 100 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ തീരുമാനിച്ച പ്രോജക്റ്റിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനുമായി പ്രാഥമിക ചർച്ച നടത്തി. ഫിസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബിഎം ഫാറൂഖ്, ആർകിടെക്ട് ഇ അഹമ്മദ് അഫ്‌ലഹ്, കൺസൾട്ടൻ്റ് ആഷിക് സുൽത്താന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം, ഫുട്ബോൾ സ്റ്റേഡിയം, വോളിബോൾ ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ടുകൾ, ഇൻ്റർനാഷണൽ നീന്തൽ കേന്ദ്രം, ജിംനേഷ്യം, മൾട്ടി സ്പോർട്സ് ഫെസിലിറ്റി, അറ്റ്ലറ്റുകൾക്കുള്ള പരിശീലന കേന്ദ്രം, സ്പോർട്സ് സ്കൂൾ, വിനോദ കേന്ദ്രം, റസിഡൻഷ്യൽ ഏരിയ, റീട്ടെയിൽ മാൾ, ഐ.ടി പാർക്ക്, ഹെൽത്ത് കെയർ സെൻ്റർ, വിവിധ സേവന കേന്ദ്രങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.