മുംബൈയിൽ ബോട്ട് കടലിൽ മറിഞ്ഞു; അപകടത്തിൽ 13 പേർ മരിച്ചു

MTV News 0
Share:
MTV News Kerala

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നൂറിലധികം യാത്രക്കാരുമായി പോയിരുന്ന ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13 ആയി ഉയർന്നു. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് മഹാരാഷ്ട്രയെ നടുക്കിയ അപകടം ഉണ്ടായത്. മുംബൈയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എലിഫൻ്റാ ഗുഹകളിലേക്ക് പോകുകയായിരുന്ന നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

അമിത വേഗതയിൽ വന്ന നേവിയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകട സമയത്ത് നൂറിലേറെ യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നെങ്കിലും 101 ഓളം യാത്രക്കാരെ അപകടത്തിൽ നിന്നും രക്ഷിക്കാനായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചിട്ടുണ്ട്.

മരിച്ചവരിൽ 10 പേർ സാധാരണക്കാരും 3 പേർ നേവി ഉദ്യോഗസ്ഥരുമാണ്. നേവി ബോട്ട് ഇടിച്ചതിനെ തുടർന്ന് ബോട്ട് ആടിയുലഞ്ഞപ്പോൾ ബോട്ടിലെ യാത്രക്കാർ കൂട്ടമായി കടലിലേക്ക് എടുത്ത് ചാടിയതാണ് അപകടത്തിൻ്റെ വ്യാപ്തി വർധിക്കാൻ ഇടയാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ നേവി അന്വേഷിക്കുമെന്നും അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം മഹാരാഷ്ട്ര സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.