മുക്കം ഫയർ സ്റ്റേഷൻ ഓഫീസറുടെ ഹൃദയസ്പർശിയായ കുറിപ്പ് ഒരിറ്റ് കണ്ണീരോടെയല്ലാതെ വായിച്ചവസാനിപ്പിക്കാനാവില്ല.

MTV News 0
Share:

മുക്കം: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളായ കൊടുവള്ളി മാനിപ്പുരം, പുല്ലൂരാംപാറ കുറുങ്കയം എന്നിവിടങ്ങളിൽ തുടർച്ചയായുണ്ടായ മുങ്ങിമരണങ്ങളെ തുടർന്ന് ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ മാനസിക സംഘർഷങ്ങളും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ സാറിന്റെ കുറിപ്പ്  

കുറിപ്പിന്റെ പൂർണ രൂപം

നെഞ്ച് പൊട്ടുന്നുണ്ട്.. ഹൃദയം നുറുങ്ങുന്നുണ്ട്.. എന്തൊരു വിധിയാണിത്..!! ഫയർ സർവീസിന്റെ ഭാഗമായിട്ട് പതിനെട്ടു വർഷമായി.. ചൂരൽ മല, കവളപ്പാറയടക്കം നിരവധി ജീവനുകൾ പൊലിഞ്ഞ ദുരന്ത മുഖങ്ങളിൽ നിന്ന് അനേകം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ചേതനയറ്റ ശരീരങ്ങൾ വീണ്ടെടുക്കാനുമായിട്ടുണ്ട്.

എന്നാൽ ഇത് വല്ലാത്തൊരു അവസ്ഥയാണ്.. തുടർച്ചയായ രണ്ട് ദിനങ്ങളിൽ നെഞ്ച് പൊട്ടി തകർന്നു വീഴുന്ന രണ്ട് പിതാക്കന്മാരുടെ ദയനീയ മുഖം കണ്ട് മനസ്സ് വല്ലാതെ മരവിച്ച അവസ്ഥയിലാണ്.. ഇന്നലെ കൊടുവള്ളി മാനിപുരത്തെങ്കിൽ ഇന്ന് പുല്ലൂരംപാറ കുറുങ്കയത്ത്..

കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ വളർത്തുന്നതിനിടയിൽ മക്കളെ നഷ്ടപ്പെട്ട ആ രണ്ട് പിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ട കരച്ചിലിന് പകരം നൽകാൻ ചേതനയറ്റ അവരുടെ മക്കളുടെ മൃതദേഹം മാത്രമായി അവരുടെ മുന്നിൽ നിൽക്കേണ്ടി വരുന്നൊരു നിസ്സാഹയത അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ.. ഏറെക്കുറെ ഇതേ പ്രായമുള്ള മക്കളുള്ള ഒരു പിതാവല്ലേ ഞാനും.. എന്ത് പറയും ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട്..

ജലാശയ അപകടങ്ങൾക്ക് അറുതി വരുത്താൻ നിരന്തരം ഇടപെടുന്നുണ്ട്.. സമൂഹത്തെ ബോധവത്കരിക്കാൻ ലഭ്യമായ വേദികളെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്.. സാമൂഹ്യമാധ്യമ പ്ലാറ്റുഫോമുകളിൽ തുടർച്ചയായി ബോധവത്കരണം നടത്തുന്നുണ്ട്.. എന്നിട്ടും.. 😭😭😭

പ്രിയപ്പെട്ടവരേ..

മക്കളെ നീന്തൽ പഠിപ്പിക്കൂ..

മക്കളേ..

തിരിച്ചറിവോടെ ജീവിക്കൂ..

പരിചിതമല്ലാത്ത ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും മരണം മാടിവിളിക്കുന്ന മരണക്കുഴികളാണ്.. പോവല്ലേ..

ഇനിയുമൊരു ജീവൻ ജലശയങ്ങളിൽ പൊലിയാതിരിക്കാൻ മുതിർന്നവരും കുഞ്ഞുങ്ങളും ന്യൂജനുമൊക്കെ ശ്രദ്ധിച്ചേ മതിയാവൂ..

റീൽ അല്ല.. ഇത് റിയൽ…!!!

ഇതൊരപേക്ഷയാണ്..

മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീര് കാണാൻ പോലും ത്രാണിയില്ലാതാവുന്ന ഒരു രക്ഷാ പ്രവർത്തകന്റെ ദയനീയമായ അപേക്ഷ.🙏

എം. എ ഗഫൂർ

ഫയർ സ്റ്റേഷൻ ഓഫീസർ മുക്കം