
മുഹമ്മദ് ഷഹബാസിന് കണ്ണീരോടെ വിട നൽകി നാട്; പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കൾ, കെടവൂർ ജുമാ മസ്ജിദിൽ അന്ത്യനിദ്ര
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 3 മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചത്. കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷം കെടവൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടി. നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ ഷബാസിനെ അവസാന നോക്കുകാണാൻ നിരവധി പേരാണ് എത്തിയത്. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ചാണ് മാറ്റിയത്.
ഇന്നലെ രാത്രി 12.30 ഓടെയാണ് ഷബാസിന്റെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)