രഞ്ജിയിൽ കേരളം-വിദർഭ ഫൈനൽ; ​ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ

MTV News 0
Share:
MTV News Kerala

ര‍ഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ​കേരളം ​വിദർഭയെ നേരിടും. ​കേരളവും ​ഗുജറാത്തും തമ്മിലുള്ള സെമി ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചു. നിലവിലെ ചാംപ്യന്മാരായ മുംബൈയെ 80 റൺസിന് തോൽപ്പിച്ചാണ് വിദർഭ ഫൈനലിൽ കടന്നിരിക്കുന്നത്. ഫെബ്രുവരി 26നാണ് ഫൈനൽ ആരംഭിക്കുക.

​ഗുജറാത്തിനെതിരെ ആദ്യ ഇന്നിം​ഗ്സിൽ രണ്ട് റൺസിന്റെ ലീഡ് നേടിയാണ് കേരളം ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 457നെതിരെ മറുപടി പറഞ്ഞ ​ഗുജറാത്ത് 455 റൺസിൽ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിം​ഗ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ഇതോടെ ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ സമനിലയ്ക്ക് സമ്മതിച്ചു. രണ്ടാം ഇന്നിം​ഗ്സിൽ കേരളത്തിനായി ജലജ് സക്സേന പുറത്താകാതെ 37 റൺസും രോഹൻ കുന്നുമ്മൽ 32 റൺസും നേടി.

മറ്റൊരു സെമിയിൽ ​​നിലവിലെ ചാംപ്യന്മാരായ മുംബൈയെ തകർത്താണ് വിദർഭയുടെ സെമി പ്രവേശനം. 406 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച മുംബൈ രണ്ടാം ഇന്നിം​ഗ്സിൽ 325 റൺസിൽ എല്ലാവരും പുറത്തായി. 66 റൺസെടുത്ത ഷാർദുൽ താക്കൂറാണ് രണ്ടാം ഇന്നിം​ഗ്സിൽ മുംബൈയുടെ ടോപ് സ്കോററായത്. സ്കോർ വിദർഭ ആദ്യ ഇന്നിം​ഗ്സിൽ 383, മുംബൈ ഒന്നാം ഇന്നിം​ഗ്സിൽ 270. വിദർഭ രണ്ടാം ഇന്നിം​ഗ്സിൽ 292, മുംബൈ രണ്ടാം ഇന്നിം​ഗ്സിൽ 325.