രണ്ടര വയസ്സുകാരി ക്രൂരതക്കിരയായ സംഭവം: വകുപ്പുതല അന്വേഷണം തുടരുന്നു; ശിശുക്ഷേമ സമിതിയിലെ നിയമനങ്ങൾ പരിശോധിക്കും
രണ്ടര വയസ്സുകാരി ക്രൂരതക്കിരയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ശിശുക്ഷേമസമിതിയിലെ മുഴുവന്‍ നിയമനങ്ങളും പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പുതിയ നിയമനങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ അഭിരുചിയും സേവന സന്നദ്ധതയും പരിശോധിക്കും. കുഞ്ഞുങ്ങളോടുള്ള പെരുമാറ്റം വിലയിരുത്തുന്നതിനൊപ്പം ശിശുക്ഷേമ സമിതിയിലെ നിയമനങ്ങളും പരിശോധിക്കും. നിയമനങ്ങളില്‍ പോലീസ് വെരിഫിക്കേഷന്‍ കര്‍ക്കശമാക്കുമെന്നും മന്ത്രി പറഞ്ഞു. ശിശുക്ഷേമസമിതിയില്‍ സന്ദര്‍ശനം നടത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
തൈക്കാട് ശിശുക്ഷേമ സമിതിയിലെ കുട്ടിക്കാണ് മർദ്ദനമേറ്റത്. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്‍റെ പിൻഭാഗത്തും ജനനേന്ദ്രിയത്തിലും നഖം കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ മൂന്നു പേരെയും മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. താൽക്കാലിക ജീവനക്കാരി അജിതയാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. സിന്ധുവും മഹേശ്വരിയും ഇത് മറച്ചുവെയ്ക്കുകയായിരുന്നു. സംഭവത്തിൽ ഒരാഴ്ചയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴു താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു.
രണ്ടുദിവസം മുമ്പാണ് ശിശുക്ഷേമ സമിതി മ്യൂസിയം പോലീസിൽ പരാതി നൽകിയത്. പോക്സോ, ജുവനയിൽ ജസ്റ്റിസ് ആക്ട് എന്നിവ ചുമത്തിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
© Copyright - MTV News Kerala 2021
View Comments (0)