രാഹുൽ ​ഗാന്ധി മോശമായി പെരുമാറി, വേറൊരാൾക്കും ഈ അനുഭവം ഉണ്ടാകരുത്’; പരാതി നൽകി ബിജെപി വനിതാ എംപി

MTV News 0
Share:
MTV News Kerala

ഡൽഹി: ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാർമെന്റിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ രാഹുൽ ​ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്ന് പരാതി നൽകി വനിതാ എംപി. നാ​ഗാലാൻഡിൽ നിന്നുള്ള ഫാ​ഗ്നോൻ കൊന്യാക് ആണ് ഈ ആരോപണമുന്നയിച്ച് രാജ്യസഭാ ചെയർമാന് പരാതി നൽകിയത്. പാർലമെന്റ് കവാടത്തിൽ ബിജെപിയും കോൺ​ഗ്രസും പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ​ഗാന്ധി തന്നോട് ചേർന്ന് നിന്നെന്നും ഒരു സ്ത്രീ എന്ന നിലയിൽ അത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നുമാണ് ഫാ​ഗ്നോൻ കൊന്യാകിന്റെ പരാതി.

ഒരു പ്ലക്കാർഡും കൈയ്യിലേന്തി ഞാനവിടെ നിൽക്കുകയായിരുന്നു, മറ്റ് പാർട്ടികളിലെ എംപിമാർക്ക് കടന്നുപോകാൻ സെക്യൂരിറ്റി ജീവനക്കാർ വഴിയൊരുക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ്, പ്രതിപക്ഷ നേതാവായ രാഹുൽ ​ഗാന്ധി ജി മറ്റ് കോൺ​ഗ്രസ് അം​ഗങ്ങൾക്കൊപ്പം എന്റെയടുത്തേക്ക് വന്ന് നിന്നത്. അവർക്ക് പോകാനായി തയ്യാറാക്കിയ വഴിയിലൂടെ പോവുകയല്ല അദ്ദേഹം ചെയ്തത്. അദ്ദേഹം എന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. എന്റെ ശരീരത്തോട് ചേർന്നാണ് നിന്നത്. ഒരു വനിതാ എംപി എന്ന നിലയിൽ അതെനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കി. ഫാ​ഗ്നോൻ കൊന്യാക് രാജ്യസഭാ ചെയർമാന് നൽകിയ കത്തിൽ പറയുന്നു.

അത്യധികം ഹൃദയഭാരത്തോടെയാണ് പരാതി കത്തെഴുതുന്നതെന്നും മറ്റൊരു വനിതാ എംപിക്കും ഈ അവസ്ഥയുണ്ടാകരുതെന്നും അവർ കത്തിലാവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീയെന്ന നിലയ്ക്കും പിന്നാക്ക സമുദായം​ഗമെന്ന നിലയ്ക്കും തന്റെ സ്വാഭിമാനത്തിനും വ്യക്തിത്വത്തിനും മുറിവേറ്റു എന്നും ഫാ​ഗ്നോൻ കൊന്യാക് പറയുന്നു. എനിക്കെതിർക്കാൻ അറിയാത്തുകൊണ്ടല്ല അപ്പോൾ പ്രതികരിക്കാതിരുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തി വളരെ മോശമായിപ്പോയി. അവർ രാജ്യസഭയിൽ സംസാരിക്കുമ്പോൾ പറഞ്ഞു. പരാതി സ്വീകരിച്ചതായും സംഭവം അന്വേഷിച്ചുവരികയാണെന്നും രാജ്യസഭാ ചെയർമാൻ ജ​ഗ്‍ദീപ് ധൻകർ പ്രതികരിച്ചു. കരഞ്ഞു കൊണ്ടാണ് ആ വനിതാ എംപി എന്റെയടുത്തേക്ക് വന്നത്. എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഞാൻ ചർച്ച ചെയ്യുന്നുണ്ട്. ആ വനിതാ എംപി ഇപ്പോഴും സംഭവത്തിന്റെ നടുക്കത്തിലാണ്. രാജ്യസഭാ ചെയർമാൻ പറഞ്ഞു.