
ലോറി പാര്‍ക്കിംഗ് സ്ഥലത്ത് കണ്ട ‘പുള്ളി’ചില്ലറക്കാരനല്ല; ചോദ്യം ചെയ്യലില്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്
കോഴിക്കോട്: ലോറി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചപ്പോള്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്. അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി കറുത്തമ്മത്താക്കാനകത്ത് ബദറുദ്ദീനെ(44) ആണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാത ബൈപ്പാസില്‍ രാമനാട്ടുകരക്ക് സമീപം ചരക്ക് ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിന് സമീപത്ത് വച്ചാണ് ബദറുദ്ദീന്‍ പിടിയിലായത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ നിരന്തരം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
എസ്‌ഐ അനൂപിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ ജില്ലകളിലായി 17 മോഷണക്കേസുകള്‍ ബദറുദ്ദീന്റെ പേരില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കൈവശം വച്ചതിനും കേസുകളുണ്ട്. ദേഹപരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയ രണ്ട് മൊബൈല്‍ ഫോണുകള്‍ ചങ്ങരംകുളത്തെ അതിഥി തൊഴിലാളികളില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു.
സ്ഥിരം കുറ്റവാളിയായ ഇയാള്‍ പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ജയിലില്‍ ആയിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ ടിഎസ് ശ്രീജിത്ത് പറഞ്ഞു. എസ്‌ഐ വിനയന്‍, എസ്‌സിപിഒ മാരായ ദിവേഷ്, സന്തോഷ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബദറുദ്ദീനെ റിമാന്റ് ചെയ്തു
© Copyright - MTV News Kerala 2021
View Comments (0)