
തിരുവനന്തപുരം: ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് സമരം ഇന്ന് 27ാം ദിവസം. വനിതാ ദിനമായ ഇന്ന് സമരത്തിന് പിന്തുണയുമായി കൂടുതല്‍ വനിതകളും വനിതാ സംഘടനകളും സമര പന്തലിലെത്തും. സെക്രട്ടറിയേറ്റിന് മുന്നില്‍ വനിതാ മഹാ സംഗമം സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസ് നടത്തിയ പ്രതികരണം ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ആശ വര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട കണക്കുകള്‍ അറിയില്ല എന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. ഇത് നിരുത്തരവാദിത്തപരമാണെന്നാണ് ആശ വര്‍ക്കര്‍മാരുടെ വിമര്‍ശനം.
ആശ വര്‍ക്കര്‍മാര്‍ക്ക് ഒരു ദിവസം 233 രൂപയാണ് കൂലി. ഒരു ദിവസം 8000 രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ല. കണക്കുകള്‍ ഇല്ലാതെ പിന്നെ എങ്ങനെയാണ് കെ വി തോമസ് ധനമന്ത്രിയെ കണ്ടതെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം എ ബിന്ദു പ്രതികരിച്ചിരുന്നു.
ആശ വര്‍ക്കര്‍മാരുടെ സമരം മാത്രമല്ല കേരളത്തിലെ പ്രശ്‌നമെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. കണക്കുകളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന് കണക്കുകള്‍ മന്ത്രിയെ ബോധ്യപ്പെടുത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട് വിശദമായ കുറിപ്പ് ഹാജരാക്കാന്‍ നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
© Copyright - MTV News Kerala 2021
View Comments (0)