‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’; പ്രതീക്ഷയായി ഉമാ തോമസ് എംഎല്‍എയുടെ കത്ത്

MTV News 0
Share:
MTV News Kerala

കൊച്ചി: പ്രതീക്ഷയായി ആശുപത്രിയിലെ ഐസിയുവില്‍ നിന്നും ഉമാ തോമസ് എംഎല്‍എ എഴുതിയ കത്ത്. ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ആശ്വാസമായി ഉമാ തോമസ് എംഎല്‍എ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പുറത്തുവന്നത്. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉമാ തോമസ് എഴുന്നേറ്റിരുന്നു. തുടര്‍ന്ന് മക്കളോട് പറയാനുള്ള കാര്യങ്ങളാണ് എഴുതിയത്. വാടകവീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയതാണ് കുറിപ്പ്.

പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടക വീട്ടിലാണ് ഉമാ തോമസ് എംഎല്‍എയും മക്കളും താമസിച്ചിരുന്നത്. പണി പൂര്‍ത്തിയായി സ്വന്തം വീട്ടിലേക്ക് മാറാന്‍ നില്‍ക്കുന്നതിനിടെയാണ് അപകടം. വീട് മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സൂചിപ്പിച്ചാണ് കുറിപ്പ്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണെങ്കിലും ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വെന്റിലേറ്ററില്‍ തുടരും.

നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തു വന്നിരുന്നു. ഈ സ്ഥലപരിമിധിയും ഉറപ്പുള്ള ബാരിക്കേടും ഇല്ലാത്തതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സംഘാടനത്തിലെ പിഴവ് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.