കൊച്ചി: വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)