വിജയ് ഹസാരെയിൽ 17 കാരൻ അടിച്ചെടുത്തത് 181 റൺസ്; മുംബൈക്ക് നാഗാലൻഡിനെതിരെ 189 റൺസ് ജയം

MTV News 0
Share:
MTV News Kerala

വിജയ് ഹസാരെ ട്രോഫിയിൽ നാഗാലൻഡിനെതിരെ മുംബൈക്ക് 189 റൺസിന്റെ കൂറ്റൻ ജയം. 17കാരൻ താരം ആയുഷ് മാത്രെയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 403 റൺസെടുത്തപ്പോൾ നാഗാലൻഡിന്റെ മറുപടി ബാറ്റിങ് 214 റൺസിലവസാനിച്ചു.

117 പന്തിൽ 15 ഫോറും 11 സിക്സും സഹിതം 181 റൺസാണ് മാത്ര നേടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 150 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ആയുഷ് മാത്രെ സ്വന്തമാക്കി. മുംബൈയ്‍ക്കായി ഓപ്പണർ ആംക്രിഷ് രഘുവംശി അർധസെഞ്ചറി നേടി. 66 പന്തുകൾ നേരിട്ട താരം മൂന്നു ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ മാത്രെ – രഘുവംശി സഖ്യം 149 പന്തിൽ കൂട്ടിച്ചേർത്ത 156 റണ്‍സാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. അവസാന ഓവറുകളിൽ തകർത്തടിച്ച ഷാർദുൽ താക്കൂറും മുംബൈ ഇന്നിങ്സിൽ മികച്ച സംഭാവന നൽകി.

നാഗാലാൻഡിന് വേണ്ടി ഏഴാമനായി ഇറങ്ങിയ ജഗദീഷ് സുജിത്ത് സെഞ്ച്വറി നേടിയപ്പോൾ ഓപ്പണർ സെഡെഷാലി റുപെറോ 53 റൺസെടുത്തു. വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി മുംബൈ ഗ്രൂപ്പ് സിയിൽ നാലാമതാണ്. നാല് മത്സരങ്ങളും തോറ്റ നാഗാലാൻഡ് ഗ്രൂപ്പിൽ ഏഴാമതും.