വിജില്‍ നരഹത്യ കേസ്: രണ്ടാം പ്രതി പിടിയില്‍

MTV News 0
Share:

സരോവരത്ത് വിജിലിനെ കുഴിച്ചുമൂടിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. രഞ്ജിത്താണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

2019 മാര്‍ച്ചിലാണ് ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട വിജിലിൻ്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും,ദിപേഷും രഞ്ജിത്തും ചേര്‍ന്ന് കുഴിച്ചുമൂടിയത്. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്തെ ചതുപ്പില്‍ വിജിലിൻ്റെ മൃതദേഹം കെട്ടിതാഴ്ത്തി എന്നാണ് പ്രതികള്‍ എലത്തൂര്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിജിലിൻ്റേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. നേരത്തെ സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിൻ്റെ ഷൂ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപമുള്ള ചതുപ്പിലായിരുന്നു പരിശോധന.

വെസ്റ്റ്ഹില്‍ സ്വദേശി വിജിലിൻ്റെ വുഡ്‌ലാന്‍ഡ് ഷൂ ചതുപ്പില്‍ നിന്ന് എലത്തൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. ഷൂ വിജിലിൻ്റേതാണെന്ന് രണ്ടു പ്രതികളും സമ്മതിച്ചു. കഴിഞ്ഞ ആഴ്ച സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.