വീടിന് മുന്നിലെ റോഡിലൂടെ ഇന്നോവ കാർ ഓടിക്കുന്ന കുട്ടി, റീൽ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പിതാവിനെതിരെ കേസ്

MTV News 0
Share:
MTV News Kerala

കോഴിക്കോട്: കോഴിക്കോട് ചെക്യാട് പതിമൂന്ന് വയസുകാരനായ മകന് കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. വീടിന് മുന്നിലെ റോഡിലൂടെ കുട്ടി ഇന്നോവ കാർ ഓടിക്കുന്ന ദൃശ്യമടങ്ങിയ റീൽസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ ദൃശ്യം സഹിതം കേരള പൊലീസിന്റെ പോർട്ടലിൽ പരാതിയായി വന്നതോടെയാണ് നടപടി.

പാറക്കടവ് വേവത്തിനടുത്തുള്ള വീടിന് സമീപത്തെ റോഡിലൂടെയാണ് പതിമൂന്നുകാരന്‍ കാര്‍ ഓടിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 24 നായിരുന്നു സംഭവം. ഗതാഗത നിയമ ലംഘന പരാതി നല്‍കാനുള്ള ശുഭയാത്ര പോര്‍ട്ടലിലാണ് ഇതിനെതിരെ പരാതി വന്നത്. പരാതി പരിശോധിച്ചാണ് പൊലീസ് നടപടി. കുട്ടിയുടെ പിതാവിന്‍റെ പേരില്‍ ബിഎന്‍ എസ് 125 പ്രകാരമാണ് കേസെടുത്തത്. മറ്റുള്ളവരുടെ ജീവന് ഭീഷണിയായുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാണ് കേസ്.