കൊച്ചി: ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും. ഗാലാ ഡി കൊച്ചി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെയാണ് കത്തിക്കുക. അതേ സമയം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി സ്ഥാപിച്ചിരിക്കുന്ന പാപ്പാഞ്ഞിയെ കത്തിക്കില്ല.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇത്തവണ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി എല്ലാ ആഘോഷ പരിപാടിയും റദ്ദാക്കി. പാപ്പാഞ്ഞിയെ കത്തിക്കല്‍ കൂടാതെ ന്യൂ ഇയര്‍ റാലി, ടാബ്ലോ തുടങ്ങിയ പരിപാടികളാണ് റദ്ദാക്കിയത്.
അതേസമയം, കൊച്ചിയിലെ വെളി ഗ്രൗണ്ടില്‍ സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. കോടതിയുടെ അനുവാദം ലഭിച്ചതോടെ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പപ്പാഞ്ഞിയെ കത്തിക്കാന്‍ തീരുമാനമായിരുന്നു.
വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ആദ്യം പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്.
© Copyright - MTV News Kerala 2021
View Comments (0)