ശബരിമലയില്‍ നെല്‍പ്പറ നിറയ്ക്കല്‍ വഴിപാടിന് തിരക്കേറി

MTV News 0
Share:
MTV News Kerala

ശബരിമല: ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നായ നെല്‍പ്പാറ നിറയ്ക്കല്‍ വഴിപാടിന് തിരക്കേറി. പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് തീര്‍ത്ഥാടകര്‍ക്ക് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്. പറ നിറയ്ക്കുന്നതിലൂടെ തീര്‍ത്ഥാടകനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നാണ് സങ്കല്‍പം.

നിലവില്‍ ഒരു ദിവസം ശരാശരി അഞ്ഞൂറില്‍പ്പരം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ നെല്‍പ്പറ നിറയ്ക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരും ഒരുപോലെ പറ നിറയ്ക്കല്‍ വഴിപാട് ചെയ്തുവരുന്നതായി ശബരിമല കീഴ്ശാന്തി എസ്. കൃഷ്ണന്‍ പോറ്റി പറഞ്ഞു. ഇതിനോടൊപ്പമുള്ള നാണയപ്പറയും വിശ്വാസികളെ ആകര്‍ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല മണ്ഡല പൂജയോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.