
സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും. ഉൽപാദന ചിലവ് വർധിച്ച സാഹചര്യത്തിൽ കമ്പനികളുടെ ആവശ്യപ്രകാരമാണ് വിലവർധന. പത്ത് രൂപ മുതൽ 50 രൂപ വരെയുള്ള വില വർധന നാളെ പ്രാബല്യത്തിൽ വരും.
മദ്യത്തിന്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ തുക വേണമെന്നുമായിരുന്നു മദ്യകമ്പനികളുടെ ആവശ്യം. ഇക്കാര്യം പരിഗണിച്ചാണ് മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനം. ബെവ്കോയും വിലവർധനവിന് അംഗീകാരം നൽകി. പത്ത് രൂപ മുതൽ 50 രൂപ വരെയുള്ള വില വർധന നാളെ പ്രാബല്യത്തിൽ വരും. വിവിധ ബ്രാൻഡുകളുടെ മദ്യത്തിനും ബിയറിനും വൈനിനും പത്തു മുതൽ 50 രൂപ വരെ വർധിക്കും. സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂടുക . ലിറ്ററിന് 640 രൂപയായിരുന്ന ജവാന് ഇനി 650 രൂപയാകും.
ഓൾഡ് പോർട് റമ്മിന്റെ വില 30 രൂപ വർധിക്കും. 750 രൂപയായിരുന്ന 650 എം എൽ മദ്യത്തിന് നാളെ മുതൽ 780 രൂപ നൽകണം. എം.എച്ച് ബ്രാൻഡിക്ക് 1040 രൂപയായിരുന്നത് 1050 രൂപയാകും. മോർഫിയസ് ബ്രാൻഡിക്ക് 1350 രൂപയായിരുന്നത് 1400 ആയി ഉയരും. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചിട്ടുമുണ്ട്. 301 ബ്രാൻഡുകൾക്ക് വിലയിൽ മാറ്റമുണ്ടാകില്ല. ഇന്ന് റിപ്പബ്ലിക് ഡേ പ്രമാണിച്ച് ഡ്രൈ ഡേ ആയതിനാൽ നാളെ മുതലാകും വിലവർധന പ്രാബല്യത്തിൽ വരിക.
© Copyright - MTV News Kerala 2021
View Comments (0)