
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; ത്രില്ലര്‍ പോരില്‍ ഗോവയെ വീഴ്ത്തി
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. ത്രില്ലര്‍ പോരാട്ടത്തില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ ഗോവയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം വീഴ്ത്തിയത്. കേരളത്തിന് വേണ്ടി മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സല്‍, നസീബ് റഹ്‌മാന്‍, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് വലകുലുക്കിയത്.
ഹൈദരാബാദില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ കേരളത്തെ ഞെട്ടിച്ച് ഗോവ ലീഡെടുത്തു. രണ്ടാം മിനിറ്റില്‍ വഴങ്ങേണ്ടിവന്ന ഗോളിന് ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് കേരളം മറുപടി പറഞ്ഞത്. 15-ാം മിനിറ്റില്‍ മുഹമ്മദ് റിയാസിന്റെ ഗോളിലൂടെ കേരളം ഒപ്പമെത്തി. പിന്നാലെ 27-ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലും 33-ാം മിനിറ്റില്‍ നസീബ് റഹ്‌മാനും വലകുലുക്കിയതോടെ കേരളത്തിന്റെ രണ്ട് ഗോള്‍ ലീഡുമായി ആദ്യപകുതി പിരിഞ്ഞു.
രണ്ടാം പകുതിയുടെ 69-ാം മിനിറ്റില്‍ ക്രിസ്റ്റി ഡേവിസും ലക്ഷ്യം കണ്ടതോടെ കേരളം 4-1ന് മുന്നിലെത്തി. പിന്നാലെ ഗോവയുടെ തിരിച്ചുവരവാണ് കാണാനായത്. 78, 86 മിനിറ്റുകളില്‍ ഗോള്‍ മടക്കി ഗോവ കേരളത്തെ ഞെട്ടിച്ചു. അവസാന മിനിറ്റുകളില്‍ സമനില ഗോള്‍ കണ്ടെത്താനുള്ള ഗോവയുടെ നീക്കങ്ങളെ പ്രതിരോധിച്ചതോടെ കേരളം വിജയം സ്വന്തമാക്കി.
© Copyright - MTV News Kerala 2021
View Comments (0)