സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; പിവി അൻവർ വിവാദങ്ങൾ, വോട്ട് ചോർച്ച എന്നിവ ചർച്ചയായേക്കും

MTV News 0
Share:
MTV News Kerala

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. താനൂർ മൂച്ചിക്കലിൽ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണ‌ൻ നഗറാണ് സമ്മേളന വേദി.

പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്‌, പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർ പങ്കെടുക്കും.

പിവി അൻവർ ഉണ്ടാക്കിയ വിവാദങ്ങളും ന്യൂനപക്ഷ രാഷ്ട്രീയത്തിലെ നയംമാറ്റങ്ങളും ബിജെപിയുടെ വോട്ട് വർദ്ധനവും പാർട്ടിയിലെ വോട്ട് ചോർച്ചയുമടക്കം സമ്മേളനത്തിൽ ചർച്ചയായേക്കും. ജില്ലയിലെ സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണങ്ങളും പൊലീസിനെതിരെയുള്ള ആരോപണങ്ങളും ചർച്ചയാകുമെന്നാണ് വിവരം

മറ്റന്നാൾ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.18 ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച്‌ തിരഞ്ഞെടുക്കപ്പെട്ട 332 പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

ഇനിയും ഒരു തവണ കൂടി അവസരമുണ്ടെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇഎൻ മോഹൻദാസ് മാറിയേക്കുമെന്നാണ് സൂചന. പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വിപി അനിൽ, ഷൗക്കത്തലി, ഇ ജയൻ, വി പി സഖറിയ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. സമവായ സാധ്യത കണക്കിലെടുത്ത് ഇ എൻ മോഹൻദാസ് തുടരാനുള്ള സാധ്യതയുമുണ്ട്.