ഹണി റോസിനെതിരായ അശ്ലീല കമന്റ്; പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

MTV News 0
Share:
MTV News Kerala

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസിൽ ആദ്യ അറസ്സ്റ് രേഖപ്പെടുത്തി പൊലീസ്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അല്പസമയത്തിനകം സ്റ്റേഷനിൽ എത്തിക്കും.

കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകുകയെന്നും നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ അടക്കം പരിശോധിച്ചു വരികയാണ് എന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ പരാതി. ഇത് പ്രകാരം 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി കഴി‍ഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.