ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് ഉമ തോമസ്, നാടാകെ ചേർത്തു പിടിച്ചെന്ന് മറുപടി; എംഎൽഎയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കിയുള്ള നൃത്ത പരിപാടിക്കിടെ വേദിയില്‍ നിന്നും വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎൽഎയെ ആശുപത്രിയിൽ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഉച്ചക്ക് ഒരു മണിയോടെ കൊച്ചി റിനൈ മെഡിസിറ്റിയിലെത്തിയാണ് മുഖ്യമന്ത്രി എംഎല്‍എയെ കണ്ടത്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. എല്ലാവരും തന്നെ ചേർത്തുപിടിച്ചതായി ഉമ തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു.
കടമ മാത്രമാണ് നിർവഹിച്ചതെന്നും നാടാകെ ചേർത്തുപിടിച്ചുവെന്നും മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രി വീണാ ജോർജ് ഇടപെട്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചതിലും ഉമാ തോമസ് നന്ദി അറിയിച്ചു. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ, സിഎൻ മോഹനൻ, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതിയാണുള്ളത്. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഡിസംബർ 29 നായിരുന്നു ഉമാ തോമസിന് ഗുരുതര പരിക്കേറ്റ അപകടം നടന്നത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് വീണ എംഎല്‍എക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്. അപകടം നടന്നതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുകൾ അടക്കം നടന്നതായി കണ്ടെത്തുകയും തുടർന്ന് സംഘാടകരെയും വേദി നിർമിച്ചവരെയും അടക്കം അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു
© Copyright - MTV News Kerala 2021
View Comments (0)