വെഞ്ഞാറമൂട് കൂട്ട കൊലപാതകം; അഫാനെ നാളെ കോടതിയിൽ ഹാജരാക്കും

MTV News 0
Share:
MTV News Kerala

വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ പ്രതി അഫാനെ നാളെ കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നെടുമങ്ങാട് ജെ എഫ് എം കോടതി രണ്ടിന്റേതാണ് ഉത്തരവ്. പാങ്ങോട് പൊലിസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. നാളെ തന്നെ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ നൽകിയേക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ അന്വേഷണ സംഘം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും. മൂന്ന് ദിവത്തെ കസ്റ്റഡി അപേക്ഷയാണ് പാങ്ങോട് പോലീസ് നൽകുക.

അതേസമയം പ്രതിയുടെ മുഴുവൻ അറസ്റ്റും രേഖപ്പെടുത്തി. അച്ഛന്റെ സഹോദരൻ ലത്തീഫിനേയും സജിതാ ബീഗത്തെയും കൊലപ്പെടുത്തിയ കേസിൽ ആണ് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിന്റെ അന്വേഷണ ചുമതല കിളിമാനൂർ സി ഐ ക്കാണ്.

അതേസമയം വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യം അമ്മയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥരോടാണ് അഫാന്‍ തുറന്നു പറഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍. അമ്മ മരിച്ചുവെന്നാണ് കരുതിയതെന്നും ഇതോടെ മറ്റുള്ളവരെ കൊല്ലുകയായിരുന്നു എന്നും അഫാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമ്മ മരിച്ചില്ലെന്നും ജീവനോടെയുണ്ടെന്ന് രണ്ട് ദിവസം മുന്‍പാണ് താന്‍ അറിഞ്ഞതെന്നും അഫാന്‍ പറഞ്ഞുവെന്നാണ് സൂചന. അമ്മ മരിക്കാത്തതില്‍ സങ്കടമുണ്ടെന്നും അമ്മയ്ക്കും മരിക്കാനാണ് ഇഷ്ടമെന്നും താനും മരിക്കുമെന്നും അഫാന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

അമ്മയും അനുജനും കാമുകിയുമില്ലാതെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയുകയില്ല. കുടുംബത്തിലെ മറ്റുള്ളവരോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു എന്നാണ് സൂചനകള്‍.

ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തനിക്ക് അമ്മയോടും അനുജനോടും കാമുകിയോടുമായിരുന്നുവെന്നും കടം വലിയ തോതില്‍ കൂടിയതോടെ കുടുംബത്തോടെ ജീവനൊടുക്കാന്‍ ആദ്യം തീരുമാനിച്ചു എന്നും അഫാന്‍ പറഞ്ഞു.

കടത്തിന്റെ പേരില്‍ പിതാവിന്റെ അമ്മയും സഹോദരനും ഭാര്യയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തതും സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് അഫാന്‍ പറഞ്ഞു. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെ മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അഫാന്‍ പറയുന്നു.