2024ലെ ഐസിസി ഏകദിന വനിതാ താരമായി സ്മൃതി മന്ദാന, അസ്മത്തുള്ള ഒമര്‍സായി പുരുഷ താരം

MTV News 0
Share:
MTV News Kerala

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച വനിതാ താരമായി ഇന്ത്യയുടെ സ്മൃതി മന്ദാന. കഴിഞ്ഞ വര്‍ഷം കളിച്ച 13 ഏകദിനങ്ങളില്‍ നാലു സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം 747 റണ്‍സ് അടിച്ച പ്രകടനമാണ് സ്മൃതിയെ മികച്ച വനിതാ താരമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ ബൗള്‍ ചെയ്ത മന്ദാന ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലന്‍ഡിന്‍റെ സൂസി ബേറ്റ്സിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും സ്മൃതി സ്വന്തമാക്കി. 2018ലാണ് ഇതിന് മുമ്പ് മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായത്. 2013ലും 2016ലുമാണ് ബേറ്റ്സ് മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമിതി അത്തപ്പത്തു ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ അന്നാബെല്‍ സതര്‍ലാന്‍ഡ് എന്നിവരെ പിന്തള്ളിയാണ് മന്ദാന മികച്ച വനിതായ ഏകദിന താരമായത്.

പുരുഷ താരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് മികച്ച ഏകദിന താരം. കഴിഞ്ഞ വര്‍ഷം അഫ്ഗാനായി കളിച്ച 14 ഏകദിനങ്ങളില്‍ 417 റണ്‍സടിച്ച ഒമര്‍സായി 17 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. സിംബാബ്‌വെക്കെിരെ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ടി20 ലോകകപ്പ് വര്‍ഷമായതിനാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യൻ പുരുഷ ടീം ആറ് ഏകദിനങ്ങളില്‍ മാത്രമാണ് കളിച്ചതെന്നതിനാല്‍ ഒറ്റ ഇന്ത്യൻ താരം പോലും ഏകദിനത്തിലെ താരമാകാനുള്ള മത്സരത്തിനുണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി പുരുഷ ഏകദിന ടീമിലും ഒറ്റ ഇന്ത്യൻ താരം പോലുമില്ല. ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് ഏകദിന ടീമിന്‍റെ നായകന്‍. അസലങ്ക ഉള്‍പ്പെടെ ശ്രീലങ്കയുടെ നാലു താരങ്ങള്‍ ഐസിസി ഏകദിന ടീമിലെത്തിയപ്പോൾ അഫ്ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റെയും മൂന്ന് താരങ്ങൾ വീതവും വെസ്റ്റ് ഇന്‍ഡീസിന്‍റെ ഒരു താരവും ഐസിസി ഏകദിന ടീമിലെത്തി.