79-ാം സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും

MTV News 0
Share:

 

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇന്ന് (ഓഗസ്റ്റ് 15) രാവിലെ 8:40-ന് വിക്രം മൈതാനിയില്‍ ആരംഭിക്കുന്ന ചടങ്ങില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തും.

പരേഡ് ചടങ്ങുകള്‍ക്കായി രാവിലെ 8.40-ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.53-ന് ജില്ല പോലീസ് മേധാവിയും 8.55-ന് ജില്ല കളക്ടറും എത്തും. 8.58-ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേര്‍ന്ന് സ്വീകരിക്കും. ഒമ്പത് മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയ പതാക ഉയര്‍ത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരേഡുകളുടെ അന്തിമ ഡ്രസ്സ് റിഹേഴ്സല്‍ വ്യാഴാഴ്ച വിക്രം മൈതാനിയില്‍ നടന്നു. പരേഡില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ്, എസ്പിസി, ജെആര്‍സി, സിവില്‍ ഡിഫെന്‍സ്, സ്‌കൂള്‍ ബാന്‍ഡ് തുടങ്ങിയ വിഭാഗങ്ങളിലായി 26 പ്ലാറ്റൂണുകള്‍ അണിനിരക്കും. പരേഡിനു ശേഷം ജില്ലയിലെ മൂന്ന് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും. ഫറോക്ക് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്താണ് പരേഡ് കമാന്‍ഡര്‍.

ചടങ്ങില്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ല കളക്ടര്‍, ജില്ല പോലീസ് മേധാവി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.