മെഡിക്കൽ വിദ്യാർത്ഥികളുടെ പൊതുദർശനം മെഡി. കോളേജിൽ: പ്രതീക്ഷയോടെ എത്തിയ കലാലയത്തിൽ നിന്നും ചേതനയറ്റ് മടക്കം

MTV News 0
Share:
MTV News Kerala

ആലപ്പുഴ: വലിയ സ്വപ്നങ്ങൾ കണ്ടെത്തിയ ക്യാമ്പസിലേക്ക് അവർ അഞ്ച് പേരും ഒന്നിച്ച് അവസാനമായെത്തി. കണ്ടു നിൽക്കാനാകാതെ കണ്ണീരണഞ്ഞ് സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും. ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് മരിച്ച 5 മെഡിക്കൽ വിദ്യാർത്ഥികളുടേയും പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ തുടങ്ങി. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.

പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. മരിച്ച ദേവാനന്ദന്റെ രക്ഷിതാക്കൾ മെഡിക്കൽ കോളേജിൽ പൊതുദർശനം നടക്കുന്ന സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകനായ ശേഖരിപുരം സ്വദേശി വൽസന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും മകനാണ് ശ്രീദീപ് സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ട് വരാമെന്ന് അറിയിച്ച് ശ്രീദിപ് രാത്രിയിൽ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു

പൊതുദർശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാർഥിയുടെ കബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ 3 മണിയോടെ നടന്നു.