“ലോകത്തെ ജയിക്കാൻ സ്നേഹം മാത്രം മതിയെന്ന് നിങ്ങൾ പറയുന്നത് ഇവിടെ ഉച്ചത്തിൽ കേൾക്കാം, പ്രിയപ്പെട്ട ഉപ്പാ “
SFI കേന്ദ്ര കമ്മിറ്റി അംഗം നിതീഷ്നാ രായണന്റെ FB പോസ്റ്റ് പൂർണ്ണ രൂപം;
എന്തെഴുതിയാലും മതിവരാത്തതിനാലാണ് ഇതുവരെ ഒന്നും എഴുതാതിരുന്നത്. ഇനിയും പറയാതിരിക്കാൻ വയ്യ. ജീവിതത്തിലെ ഒരു നക്ഷത്രം കെട്ടുപോയി.
ഒരു കമ്യൂണിസ്റ്റായി ജീവിക്കുകയെന്നാൽ ഹമീദ് തിരുത്തിയിലിനെപ്പോലെയാവുക എന്ന് കൂടിയാണർത്ഥം. അയാളെ നിർവചിക്കാൻ അതിൽ കുറഞ്ഞ വിശേഷണങ്ങളൊന്നും ഇല്ല.
മകൻ ജീവിതത്തിൽ നിന്നും മടങ്ങി തുടങ്ങിയ ദിവസങ്ങളിലൊന്നിൽ ഡൽഹിയിലെ ഒരു ആശുപത്രിക്ക് മുന്നിൽ നിന്നാണ്` ഈ മനുഷ്യൻ ജീവിതത്തിലേക്ക് കയറി വന്നത്. അയാളുടെ ലോകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയത് എന്ന് പറയുന്നതാവും നല്ലത്.
കൂളിമാട് എന്ന ഗ്രാമത്തിനെ എത്രപേർക്കാണ് അയാൾ തങ്ങളുടെ നാട് കൂടിയാക്കി മാറ്റിയത്! ഒരു സമൂഹത്തിൻ്റെ ഓരോ അണുവിലും സ്പർശിച്ച അസാധാരണമായൊരു ജീവിതമായിരുന്നു അത്. അക്ഷരാർഥത്തിൽ തൻ്റെ നാടിനെ ലോകത്തെ എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാനാകുന്ന ഒന്നാക്കി മാറ്റുകയായിരുന്നു അയാൾ.
അറിയപ്പെടാത്ത ലോകത്തെ മനുഷ്യരുമായി നീ എനിക്ക് സാഹോദര്യം നൽകി എന്ന് ‘എൻ്റെ രാഷ്ട്രീയ കക്ഷിക്ക്’ എന്ന കവിതയിൽ നെരൂദ. അറിയപ്പെടാത്ത ലോകത്തെ മനുഷ്യരുടേതുമാക്കി നീ എന്നെ മാറ്റി എന്ന് കൂളിമാടെന്ന നാട്. ആ നാടിൻ്റെ രാഷ്ട്രീയ കക്ഷിയായിരുന്നു ഹമീദ് തിരുത്തിയിൽ എന്ന സ്നേഹം.
കാണുന്ന ഓരോ മനുഷ്യനിലേക്കും ഒരാൾ അനായാസേന പടർന്നുകയറി. മറ്റൊരാൾക്കും സാധിക്കാത്ത വിധം ഏത് മനുഷ്യനും വന്നുകയറാവുന്ന വീടായി അയാൾ മാറി. കരുതലിന്, കാരുണ്യത്തിന്, അപരനെന്ന തോന്നലിൻ്റെ അഭാവത്തിന്, സ്നേഹത്തിന് അയാൾ മനുഷ്യരൂപം നൽകി.
ആരുമാരും ഒറ്റയായിപ്പോകരുത് എന്ന ജാഗ്രതയായിരുന്നു സഖാവ് ഹമീദ് തിരുത്തിയിൽ. തനിക്ക് ചുറ്റുമുള്ള, തനിക്ക് എത്തിപ്പെടാൻ സാധിക്കുന്ന എല്ലാരോടും ഞാനുണ്ട് എന്ന ഉറപ്പ് അയാൾ നൽകി. ഈ ചെങ്കൊടിക്കൊപ്പം അയാൾ ഉയർത്തിക്കെട്ടിയത് മനുഷ്യൻ എന്ന പദത്തിൻ്റെ വലിപ്പം കൂടിയായിരുന്നു.
വേദനയുടെ ഒരു പെരുമഴ പെയ്യുന്നു,
ആ കുറിയ മനുഷ്യൻ സ്വയം ഇറങ്ങിപ്പോയിരിക്കുന്നു.
സങ്കടപ്പെട്ട് പോവരുത് എന്ന് ഒരു തവണ പറയാനായിരുന്നെങ്കിൽ എന്നുണ്ടായിരുന്നു. ചതിയിൽ പെട്ട് ഹൃദയം പൊട്ടി മരിക്കേണ്ടയാളായിരുന്നില്ല ഞങ്ങളുടെ ഉപ്പ.
തോറ്റുപോയ പോലെ.
ലോകത്തെ ജയിക്കാൻ സ്നേഹം മാത്രം മതിയെന്ന് നിങ്ങൾ പറയുന്നത് ഇവിടെ ഉച്ചത്തിൽ കേൾക്കാം, പ്രിയപ്പെട്ട ഉപ്പാ.
© Copyright - MTV News Kerala 2021
View Comments (0)