ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ ദിവസം ആയിരുന്നു ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തത്. JC 325526 എന്ന നമ്പറിന് ആയിരുന്നു 12 കോടിയുടെ ഒന്നാം സമ്മാനം. ഇന്നലെ രണ്ട് മണിയോടെ നറുക്കെടുത്ത ബമ്പറിന്റെ ടിക്കറ്റ് വിറ്റത് കൊല്ലം ജില്ലയിൽ ആണെന്ന് അറിഞ്ഞിരുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇന്ന് ഉച്ചയോടെ ആ ഭാഗ്യശാലി രംഗത്തെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറാണ് ആ കോടീശ്വരൻ.
കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ എത്തിയ ദിനേശിന് രാജകീയമായ സ്വീകരണം ആയിരുന്നു ഏജൻസിക്കാർ ഒരുക്കിയത്. മാലയിട്ടും കിരീടം അണിയിച്ചും നാട്ടുകാരും ഒപ്പം കൂടി. പൂജാ ബമ്പറിന്റെ പത്ത് ടിക്കറ്റുകളാണ് ദിനേശ് എടുത്തത്. അതിൽ ഒരു ടിക്കറ്റിലൂടെ അദ്ദേഹത്തെ ഭാഗ്യം തുണയ്ക്കുക ആയിരുന്നു. അഞ്ച് വർഷം മുൻപ് ഒരു നമ്പറിന്റെ വ്യത്യാസത്തിൽ 12 കോടി ദിനേശിന് നഷ്ടമായിരന്നു. 2019ൽ ആയിരുന്നു ഇത്. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം ആ ഭാഗ്യം ദിനേശ് തിരിച്ചു പിടിച്ചു.
സമ്മാനത്തുകയിൽ നിന്നും നികുതിയും ഏജൻസി കമ്മീഷനും കിഴിച്ചുള്ള തുകയാണ് ദിനേശിന് ലഭിക്കുക. സമ്മാനത്തുകയിൽ ഏജന്റ് കമ്മീഷൻ ആദ്യം പോകും. ഇത് പത്ത് ശതമാനമാണ്. അതായത് 12 കോടിയുടെ പത്ത് ശതമാനമായ 1.2 കോടി(ഏകദേശം) രൂപ ഏജന്റിന് നൽകണം. ബാക്കിയുള്ളത് 10.8 കോടി രൂപ. ശേഷം 30 ശതമാനം നികുതി, നികുതി തുകയ്ക്കുള്ള സർചാർജ്, ആരോഗ്യ, വിദ്യാഭ്യാസ സെസ് തുടങ്ങി എല്ലാം കഴിഞ്ഞ് ഏറ്റവും ഒടുവിൽ 7 കോടി 20 ലക്ഷം രൂപയാകും ദിനേശിന് ലഭിക്കുക.
© Copyright - MTV News Kerala 2021
View Comments (0)