കോൺഗ്രസ്‌ വിട്ട് എ കെ ഷാനിബ്; ഇനി ഡിവൈഎഫ്‌ഐയിലേയ്ക്ക്

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേയ്ക്ക്. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും അംഗത്വം സ്വീകരിക്കുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് വേണ്ടി പ്രചാരണത്തില്‍ സജീവമായി. പാര്‍ട്ടി വിട്ടതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് പിന്നീട് പിന്മാറുകയും സരിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി യോഗം വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഷാനിബും ഇപ്പോള്‍ തിരുവനന്തപുരത്താണ്. യോഗത്തിന് ശേഷം ഷാനിബിനെ സംഘടനയിലേക്ക് സ്വീകരിക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസുകാരനായി തന്നെ തുടരുകയെന്ന തന്റെ ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഷാനിബ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് തെറ്റില്‍ നിന്നും തെറ്റിലേക്ക് നിരന്തരം സഞ്ചരിക്കുകയാണ്. ഒരു സാധാരണ കോണ്‍ഗ്രസുകാരനാണ് എന്നുപറഞ്ഞ് തുടരുന്നതുപോലും മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണെന്നും ഷാനിബ് കുറിച്ചിരുന്നു