തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്; ദേവസ്വം ഓഫീസറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

MTV News 0
Share:
MTV News Kerala

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിലാണ് നടപടി.

ദേവസ്വം ഓഫീസർ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയ ഹൈക്കോടതി പുതിയ സത്യവാങ്മൂലം നൽകണമെന്നും ആവശ്യപ്പെട്ടു. ദേവസ്വം ഓഫീസറെ കടുത്ത ഭാഷയില്‍ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. അടിമുടി ലംഘനമാണ് നടത്തിയതെന്ന് ഹൈക്കോടതി പറഞ്ഞു. ഭക്തരുടെ ജീവനാണ് അപകടത്തിലാക്കുന്നത്. ദേവസ്വം ഓഫീസര്‍ക്ക് മതിയായ വിശദീകരണം നല്‍കാനായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദേവസ്വം ഓഫീസറോട് ഹൈക്കോടതി കടുത്ത ചോദ്യങ്ങളാണുയർത്തിയത്. ദേവസ്വം ഓഫീസര്‍ക്ക് സാമാന്യ ബുദ്ധിയുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സത്യവാങ്മൂലത്തില്‍ ഇങ്ങനെയൊക്കെ എഴുതി നല്‍കാന്‍ ആരാണ് പറഞ്ഞതെന്നും ദേവസ്വം ഓഫീസറുടെ പിന്നിലാരാണെന്നും കോടതി ചോദിച്ചു. മഴയും ആള്‍ക്കൂട്ടവും മൂലമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും മഴയും ആള്‍ക്കൂട്ടവും വരുമ്പോള്‍ അപകടമുണ്ടാകാതിരിക്കാനാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നൽകുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പൂരം കാണാന്‍ പോകുന്നത് അവരല്ല, ദേവസ്വം ഓഫീസറാണെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.