കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു.

MTV News 0
Share:
MTV News Kerala

കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാൻഡാണ് പ്രഖ്യാപനം നടത്തിയത്.

കൈകരുത്തിൻറെ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ ജയപരാജയങ്ങൾ ഒരുപോലെ ശീലിച്ച വ്യക്തിയാണ് കെ.സുധാകരൻ. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ, 2001 ലെ എ കെ ആൻറണി മന്ത്രിസഭയിൽ വനംപരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി, 2009 ലും 2019 ലും ലോക്‌സഭാംഗം. പാർലമെന്ററി രാഷ്ട്രീയത്തിന്റെ അടി തടകൾ എല്ലാം പയറ്റിത്തെളിഞ്ഞ വ്യക്തി.

1948ൽ കണ്ണൂർ നടാലിൽ വി രാവുണ്ണിയുടെയും കെ മാധവിയുടെയും മകനായി ജനനം. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയപ്രവേശം. തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഠനം കഴിഞ്ഞ് ജനതാ പാർട്ടിയിൽ ചേർന്നു. 1980ലും 82ലും ജനത പാർട്ടി ടിക്കറ്റിൽ എടക്കാട് അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിച്ചു തോറ്റു. 1984 ൽ ഇടതു പാളയം വിട്ടു കോൺഗ്രസിൽ തിരിച്ചെത്തി. കരുണാകരന്റെ വലംകൈ ആയിരുന്ന എൻ രാമകൃഷ്ണനിൽ നിന്നും കണ്ണൂർ ഡിസിസി പിടിച്ചെടുത്തതോടെ കണ്ണൂർ കോൺഗ്രസിൻറെ ശക്തിദുർഗ്ഗമായി. 2014ലെ ലോക്‌സഭ തിരെഞ്ഞെടുപ്പിൽ കണ്ണൂരിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലും തോറ്റ ചരിത്രവുമുണ്ട് കെ.സുധാകരന്.

സിപിഐഎമ്മിനെതിരെയുള്ള അക്രമരാഷ്ട്രീയ ആരോപണങ്ങളാണ് കെ സുധാകരൻറെ തുറുപ്പുചീട്ട്. അതേസമയം ഡിവൈഎഫ്‌ഐ പ്രവർത്തകൻ നാൽപ്പാടി വാസു വധം, സിപിഐഎം നേതാവ് ഇപി ജയരാജനെ ട്രെയിനിൽ വെച്ച് കൊല്ലാൻ ശ്രമിച്ച സംഭവം, കണ്ണൂർ സേവറി ഹോട്ടൽ ബോംബാക്രമണം, അങ്ങനെ അങ്ങനെ കണ്ണൂർ കേന്ദ്രീകരിച്ചുള്ള അക്രമസംഭവങ്ങളിൽ പലതിലും സിപിഐഎം പ്രതിസ്ഥാനത്ത് നിർത്തുന്നതും ഇതേ സുധാകരനെ തന്നെ.

കെ സുധാകരൻ ബിജെപിയിലേക്കെന്ന് അന്തരീക്ഷത്തിൽ പലക്കുറി പരന്നപ്പോഴും തിരുത്താൻ തിടുക്കം കാട്ടിയില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസ് തോറ്റാൽ പ്രവർത്തകർ ബിജെപിയിലേക്ക് പോകുമെന്ന വാദവും ഏറെ വിവാദമായി. സിപിഐഎമ്മാണ് എന്നും കെ സുധാകരൻറെ മുഖ്യ എതിരാളി. പിണറായി വിജയൻ എന്ന അനിഷേധ്യനായ നേതാവിൻറെ കരുത്തിൽ അജയ്യമായി മുന്നേറുന്ന സിപിഐഎമ്മിനെ പിടിച്ചുകെട്ടുക; അതാണ് മുന്നിലുള്ള വെല്ലുവിളി. അടിത്തട്ടിലടക്കം തകർന്നടിഞ്ഞ കോൺഗ്രസിന് പുതുജീവൻ നൽകി ആ ലക്ഷ്യം നേടാൻ കെ. സുധാകരനാകുമോ.. രാഷ്ട്രീയകേരളത്തിന്റെ ഇനിയുള്ള കാത്തിരിപ്പ് ആ ഉത്തരത്തിന് കൂടിയാണ്.

Share:
MTV News Keralaകെ.സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാൻഡാണ് പ്രഖ്യാപനം നടത്തിയത്. കൈകരുത്തിൻറെ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ ജയപരാജയങ്ങൾ ഒരുപോലെ ശീലിച്ച വ്യക്തിയാണ് കെ.സുധാകരൻ. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ, 2001 ലെ എ കെ ആൻറണി മന്ത്രിസഭയിൽ വനംപരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി, 2009 ലും 2019 ലും ലോക്‌സഭാംഗം. പാർലമെന്ററി രാഷ്ട്രീയത്തിന്റെ അടി തടകൾ എല്ലാം പയറ്റിത്തെളിഞ്ഞ വ്യക്തി. 1948ൽ കണ്ണൂർ നടാലിൽ വി രാവുണ്ണിയുടെയും കെ മാധവിയുടെയും മകനായി ജനനം....കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു.