ഈ വർഷത്തെ അവസാന പൂര്‍ണ ചന്ദ്രന് ഒരു പ്രത്യേകതയുണ്ട്, 15 ഇന് കാത്തിരിക്കൂ

MTV News 0
Share:
MTV News Kerala

2024 അവസാനിക്കാറായി. പ്രകൃതിയും ലോകം മുഴുവനും പുതുമയെ ഉള്‍ക്കൊള്ളാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഈ ഡിസംബര്‍ അവസാനിക്കുമ്പോള്‍ 2024 ലെ അവസാന പൂര്‍ണ്ണ ചന്ദ്രനും ആകാശത്ത് പ്രത്യക്ഷപ്പെടും. കോള്‍ഡ് മൂണ്‍ എന്നറിയപ്പെടുന്ന ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ്ണ ചന്ദ്രന്‍ ഡിസംബര്‍ 15 നാണ് ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. എന്തുകൊണ്ടാണ് കോള്‍ഡ് മൂണ്‍ അല്ലെങ്കില്‍ തണുത്ത ചന്ദ്രന്‍ എന്നപേര് ഈ പൂര്‍ണ്ണ ചന്ദ്രന് ലഭിച്ചതെന്ന് അറിയാം.

പ്രകൃതി ഇപ്പോള്‍ മഞ്ഞ് നിറഞ്ഞതായതുകൊണ്ടും ശീതകാലം അവസാനിക്കുന്നതിന് തൊട്ടുമുന്‍പുള്ള സമയമായതുകൊണ്ടും ഈ പൂര്‍ണ്ണ ചന്ദ്രന് ചില പ്രത്യേകതകളുണ്ട്.

ചില സ്ഥലങ്ങളില്‍ കോള്‍ഡ് മൂണിന് ലോംങ് ലൈറ്റ് മൂണ്‍ എന്നാണ് പേര്. അതുപോലെതന്നെ ഡ്രിഫ്റ്റ് ക്ലിയറിങ് മൂണ്‍, ഹോര്‍ ഫ്രോസ്റ്റ് മൂണ്‍, സ്‌നോമൂണ്‍, വിന്റര്‍ മേക്കര്‍ മൂണ്‍ തുടങ്ങിയ പലപേരുകളിലും അറിയപ്പെടുന്നുണ്ട്. ഈ അവസാന പൂര്‍ണ്ണചന്ദ്രന്‍ മനോഹരമായ ഒരു ചാന്ദ്ര പ്രതിഭാസമായതുകൊണ്ടുതന്നെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒന്നുകൂടിയാണ്.

എന്താണ് കോള്‍ഡ് മൂണിന്റെ പ്രത്യേകത?

ഉത്തരാര്‍ദ്ധ ഗോളത്തിലെ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയെ അടയാളപ്പെടുത്തുകയും ജ്യോതിശാസ്ത്രപരമായി ശീതകാലം ആരംഭിക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന കോള്‍ഡ് മൂണ്‍ ഡിസംബര്‍ അവസാനിക്കുന്നതിന്റെ ഒരാഴ്ച മുന്‍പാണ് ഉദിക്കുന്നത്. ഇത് ഈ മാസം മുഴുവന്‍ ദൃശ്യമാവുകയും ചെയ്യും. ഡിസംബര്‍ 15 ഞായറാഴ്ച പുലര്‍ച്ചെ 4.02 നായിരിക്കും ഈ പ്രതിഭാസം ഉണ്ടാവുക എന്ന് നാസ വ്യക്തമാക്കുന്നുണ്ട്. ഈ പൂര്‍ണ്ണചന്ദ്രന് അപൂര്‍വ്വമായ തിളക്കമായിരിക്കും ഉണ്ടാവുക. ബൈനോക്കുലറിലൂടെയോ ചെറിയ ദൂരദര്‍ശിനിയിലൂടെയോ നോക്കിയാല്‍ കിഴക്കന്‍ ചക്രവാളകത്തില്‍ നിന്ന് ഉയരുന്ന ഓറഞ്ച് നിറത്തിലുള്ള ചന്ദ്രോപരിതലത്തെ വ്യക്തമായി കാണാന്‍ സാധിക്കും. ഇനി 2025 ജനുവരി 13 നാണ് അടുത്ത പൂര്‍ണ്ണ ചന്ദ്രന്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. വൂള്‍ഫ് മൂണ്‍ എന്നായിരിക്കും ഇത് അറിയപ്പെടുന്നത്.