തിയ്യതി പ്രഖ്യാപനത്തിന് മുൻപേ ആം ആദ്മി തയ്യാർ; എഴുപത് മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളായി; ‘ഇൻഡ്യ’ ഇല്ല

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും മൂന്ന് മാസം ശേഷിക്കെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. നാലാം ഘട്ട സ്ഥാനാർഥി പട്ടിക കെജ്‌രിവാൾ ഇന്ന് പുറത്തുവിട്ടതോടെ സംസ്ഥാനത്തെ എഴുപത് സീറ്റുകളിലേക്കുമുളള സ്ഥാനാർഥികളായി.

മുൻ മുഖ്യമന്ത്രിയും ‘ആപ്പ്’ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ ന്യൂ ഡൽഹി മണ്ഡലത്തിൽ നിന്നും നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജി മണ്ഡലത്തിലും നിന്നുമാണ് ജനവിധി തേടുന്നത്. അരവിന്ദ് കെജ്‌രിവാളിനെതിരായി കോൺഗ്രസ് രംഗത്തിറക്കുന്നത് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെയാണ്. ബിജെപി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകൻ പർവേഷ് സാഹിബ് സിംഗ് ആകും കെജ്‌രിവാളിനെ നേരിടുക എന്നാണ് വിവരം.

ആം ആദ്മി പാർട്ടി ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. തുടർന്ന് ബിജെപിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയോ, ദില്ലിയെ കുറിച്ച് കാഴ്ചപ്പാടുകളോ ഇല്ലെന്നും തന്നെ നീക്കുക എന്ന ഒറ്റ മുദ്രാവാക്യം മാത്രമാണ് ബിജെപിക്ക് ഉള്ളതെന്നും കെജ്‌രിവാൾ വിമർശിച്ചു. ദില്ലിക്കാർ വോട്ട് ചെയ്യുന്നത് പ്രവർത്തിക്കുന്നവർക്കാണ്, അധിക്ഷേപിക്കുന്നവർക്കല്ലെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ സത്യപ്രതിജ്ഞ ഇന്ന് നാലിന്; 30 പേർ പട്ടികയിൽ
കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാതെ ഒറ്റയ്ക്കാണ് ആം ആദ്മി നിയമസഭാ തിരഞ്ഞെടുപ്പിന് നേരിടുന്നത്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ് ഇരു പാര്‍ട്ടികളെങ്കിലും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കേണ്ടെന്നാണ് ഇരു കക്ഷികളുടേയും നിലപാട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഡല്‍ഹി രാഷ്ട്രീയത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ എഎപിക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം എഎപിയുടെ പിന്മാറ്റം കോണ്‍ഗ്രസിന് പോരാട്ടത്തിന്റെ പുതിയ വഴി തുറക്കുമെന്നാണ് പ്രതീക്ഷ. 2013മുതല്‍ വീഴ്ച സംഭവിച്ച കോണ്‍ഗ്രസിന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പുതിയ പദ്ധതികള്‍ രൂപീകരിക്കാനും നടപ്പിലാക്കാനും ഇതുവഴി സാധിച്ചേക്കും.