ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം’; പാർലമെന്റിൽ ‘ബംഗ്ലാദേശ് ബാഗ്’ ധരിച്ചെത്തി പ്രിയങ്ക ഗാന്ധി

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി: ബംഗ്ലാദേശിൽ അതിക്രമം നേരിടുന്ന ന്യൂനപക്ഷ ജന വിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ‘ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്‌ത്യാനികൾക്കുമൊപ്പം’ എന്നെഴുതിയ ബാഗ് ധരിച്ചാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്.

ഇന്നലെ പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം.

എന്നാൽ താൻ എന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. നേരത്തെയും പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു