കല്‍പ്പറ്റ: വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള വിഷ്ണു, നബീല്‍ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ബസ് യാത്രക്കിടെയാണ് ഹര്‍ഷിദിനെയും അഭിരാമിനെയും കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ബാഗ്ലൂര് ബസില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെയായിരുന്നു നീക്കം. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് കൂടല്‍ക്കടവ് തടയിണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ ചെമ്മാട് ഉന്നതിയിലെ മാതനെ വാഹനത്തില്‍ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മാതന്. അദ്ദേഹത്തെ ഇന്ന് മന്ത്രി ഒ ആര് കേളു സന്ദര്‍ശിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
അരകിലോമീറ്ററോളമാണ് മാതനെ പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ചത്. പുല്‍പ്പള്ളി റോഡില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
© Copyright - MTV News Kerala 2021
View Comments (0)