പുഷ്പ 2 റിലീസ് തിരക്ക്; മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം

MTV News 0
Share:
MTV News Kerala

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ശ്രീതേഷ് (9) ആണ് മസ്തിഷ്ക മരണം സംഭവിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു.

സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു.

തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. രേവതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അല്ലു രംഗത്തെത്തി. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അല്ലു അറിയിച്ചു.

തൊട്ടുപിന്നാലെ സന്ധ്യ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം അല്ലു അര്‍ജുനേയും കേസില്‍ പ്രതിയാക്കി. മുന്നറിയിപ്പില്ലാതെ അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തിയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഹൈദരാബാദ് പൊലീസ് ചൂണ്ടിക്കാട്ടിയത്. തിയറ്റര്‍ അധികൃതര്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും പൊലീസ് ആരോപിച്ചിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്നായിരുന്നു അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെ തെലങ്കാന ഹൈക്കോടതി അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.