‘ഇന്ത്യന്‍ ക്രിക്കറ്ററായി എന്റെ അവസാന ദിനം’; പ്രസ് മീറ്റില്‍ വികാരഭരിതനായി അശ്വിന്‍

MTV News 0
Share:
MTV News Kerala

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്റെ അവസാനത്തെ ദിനമാണിതെന്നും വളരെ വൈകാരിക നിമിഷമാണെന്നും അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തിനൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു അശ്വിന്‍ വികാരാധീനനായി സംസാരിച്ചത്.

‘അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇന്ത്യന്‍ താരമെന്ന നിലയില്‍ എന്റെ അവസാന ദിവസമായിരിക്കും ഇത്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ കുറച്ച് ‘പഞ്ച്’ എന്നില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ക്ലബ്ബ് തലത്തിലുള്ള ക്രിക്കറ്റില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം എന്റെ അവസാന ദിവസമാണിത്. രോഹിത്തിനും എന്റെ എല്ലാ ടീമംഗങ്ങള്‍ക്കുമൊപ്പം ഞാന്‍ ഒരുപാട് ഓര്‍മകള്‍ സൃഷ്ടിച്ചു’, അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.’തീര്‍ച്ചയായും ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ബിസിസിഐയ്ക്കും മറ്റു സഹതാരങ്ങള്‍ക്കും നന്ദി പറഞ്ഞില്ലെങ്കില്‍ എന്റെ കടമയില്‍ ഞാന്‍ പരാജയപ്പെടും. അവരില്‍ ചിലരെ മാത്രം ഞാന്‍ പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നു. രോഹിത്, കോഹ്‌ലി, അജിന്‍ക്യ, പുജാര എന്നിവരെല്ലാം സ്ലിപ്പില്‍ ക്യാച്ചുകളെടുത്ത് എന്നെ വിക്കറ്റുകള്‍ നേടാന്‍ സഹായിച്ചവരാണ്’, അശ്വിന്‍ പറഞ്ഞു.

ഇന്ത്യയുടെ എതിരാളികളായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനോടും അശ്വിന്‍ നന്ദി അറിയിച്ചു. ‘ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് വലിയ നന്ദി. അവര്‍ വളരെ കടുത്ത എതിരാളികളായിരുന്നു. അവര്‍ക്കെതിരെ കളിക്കുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. കൂടുതല്‍ ചോദ്യങ്ങളെയൊന്നും ഞാന്‍ നേരിടുന്നില്ല. തീര്‍ച്ചയായും ഇത് വൈകാരികമായ നിമിഷമാണ്’, അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.