സെക്ഷൻ 109, 115, 117,125, 131, 351; രാഹുലിനെതിരെ വധശ്രമത്തിന് പാർലമെൻ്റ് സ്ട്രീറ്റ് പൊലീസിന് പരാതി നൽകി ബിജെപി

MTV News 0
Share:
MTV News Kerala

ദില്ലി: ആഭ്യന്തരമന്ത്രി അമിത് ഷാ, ഭരണഘടന ശിൽപ്പി ബി ആർ അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബി ജെ പി. രാഹുൽ ഗാന്ധി, എം പിമാരെ കൈയേറ്റം ചെയ്തുവെന്നും വനിത എം പിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടികാട്ടി വധശ്രമത്തിനാണ് കേസ് നൽകിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.

രാഹുൽ ഗാന്ധി കാരണം രണ്ട് എം പിമാർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും അനുരാഗ് താക്കൂർ വിവരിച്ചു. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയതെന്നും താക്കൂർ വ്യക്തമാക്കി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ബി ജെ പി പരാതി നൽകിയിരിക്കുന്നത്. ഇന്ന് പാർലമെന്‍റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുൽ ഗാന്ധിയാണെന്നും രാഹുൽ ഗാന്ധി എം പിമാരെ കൈയേറ്റം ചെയ്തെന്നും അനുരാഗ് താക്കൂർ അഭിപ്രായപ്പെട്ടു.