അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി

MTV News 0
Share:
MTV News Kerala

ആഭ്യന്തര മന്ത്രി അമിത്ഷായുടെ അംബേദ്കറിനെതിരായ പരാമർശത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി. അമിത് ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ദില്ലി വിജയ് ചൗക്കിൽ പാർലമെന്റിലേക്ക് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ഡോ. ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാർ അണിനിരന്നു.

ഐ. ആം അംബേദ്കർ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി, അമിത് ഷാ രാജിവെക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധത്തിൽ അണിനിരന്നത്. വിജയ ചൗക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധമാർച്ചിൽ കേരളത്തിൽ നിന്നുള്ള ഇടത് – വലത് എം.പിമാർ ഉൾപ്പെടെയുള്ള ഇന്ത്യമുന്നണി നേതാക്കൾ പ്രതിഷേധിച്ചു.എങ്ങനെയാണ് ബി ജെ പി രാജ്യത്ത് ഫാസിസം നടപ്പിലാക്കുന്നതെന്നും, ദളിത് അധ:സ്ഥിത വിഭാഗങ്ങളോടുള്ള ബിജെപി സമീപനമാണ് അമിത് ഷായുടെ വാക്കുകൾ എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി പ്രതികരിച്ചു.

കെ.രാധാകൃഷ്ണൻ എം.പിയും ശക്തമായ പ്രതിഷേധം അറിയിച്ചു.പാർലമെന്റ് വളപ്പിൽ പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് മുദ്രാവാക്യം വിളികളുമായി മാർച്ച് രാഷ്ട്രപതി ഭവന് മുന്നിലൂടെ പാർലർമെന്റിലേക്ക് കടന്നു. പ്രതിഷേധത്തെ തടയാൻ കനത്ത സുരക്ഷാ വിന്യാസങ്ങളും കേന്ദ്രസർക്കാർ ഏർപ്പെടുത്തി. പ്രതിഷേധിക്കുന്നവരെ വിരട്ടിയോടിക്കാൻ നോക്കിയാൽ പിന്നോട്ട് പോകില്ലെന്ന് കെ.സി. വേണു ഗോപാൽ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്കാ ഗാന്ധി, കൊടിക്കുന്നിൽ സുരേഷ്, കനിമൊഴി, തുടങ്ങി 200 ഓളം ഇന്ത്യാ മുന്നണി നേതാക്കൾ പ്രതിഷേധത്തിൽ ഭാഗമായി.