പി വി അൻവറിൻ്റെ അരോപണങ്ങൾ; എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അജിത്കുമാറിനെതിരെ തെളിവില്ലന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ വിജിലൻസ് എം ആർ അജിത് കുമാറിന് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കും.

അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ രംഗത്തുവന്നിരുന്നു. എന്നാൽ സ്വർണ്ണക്കടത്ത് ബന്ധത്തിൽ യാതൊരു തെളിവും പിവി അൻവർ ഹാജരാക്കിയില്ല. കവടിയാറിലെ വീട് നിർമാണത്തിലും പ്രശ്നങ്ങളില്ല.വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ലോൺ രേഖകളടക്കം എഡിജിപി ഹാജരാക്കിയതായാണ് വിജിലൻസ് കണ്ടെത്തൽ. വീട് നിർമാണവുമായ ബന്ധപ്പെട്ട രേഖകൾ യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് വിവര പട്ടികയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്‌ളാറ്റ് വിറ്റു. ഇതിന്റെ രേഖകളും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ ആരോപണം ശരിയല്ലെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.

നാല് വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വില്‍പ്പനയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് പത്ത് ദിവസം മുൻപ് എഡിജിപി സ്വന്തം പേരിലേക്ക് റജിസ്റ്റർ ചെയ്യുകയായിരുന്നു. വീടിന്‍റെ വിലയിൽ എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനവാണ്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2009ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി കരാർ ഒപ്പിടുന്നത്. 37 ലക്ഷം രൂപയുടെ കരാറിലാണ് ഒപ്പിട്ടത്. ഇതിനായി 25 ലക്ഷം രൂപ അ​ജിത് കുമാർ വായ്പയെടുത്തെന്നും റിപ്പോർട്ടിലുണ്ട്.

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് ആരോപണത്തിലും റിപ്പോർട്ടിൽ വിശ​ദീകരണം നൽകിയിട്ടുണ്ട്. സുജിത് ദാസിന്‍റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയത്. കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ പ്രതി ചേർത്തതായാണ് റിപ്പോർട്ട്. എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി ആരോപണത്തിലും അജിത് കുമാറിന്റെ പങ്കാളിത്തം കണ്ടെത്താൻ കഴിഞ്ഞട്ടില്ലെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.